ഉറുമ്പുകളുടെ സ്വപ്നലോകം...........!!

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 16 ജനുവരി, 2012 | 6:52 AM

ഉറുമ്പുകളുടെ സ്വപ്നലോകം...........!!





നിത്യജീവിതത്തില്‍ നാം കാണുന്ന ഒരു ചെറിയ ജീവിയാണ് ഉറുമ്പ്. അവയുടെ സമൂഹ ജീവിതവും ഒരുമയും നമ്മില്‍ അതിശയമുണര്‍ത്തും. ഉറുമ്പുകള്‍ വരിവരിയായി പോവുമ്പോള്‍ ചില ഉറുമ്പുകള്‍ ചിലതിനോടു സ്വകാര്യം പറയുന്നതുപോലെ കാണാറില്ലേ...! ഇതിന്റെയൊക്കെ പിന്നില്‍ എന്താണ്?
ഉറുമ്പ് ഷട്പദങ്ങള്‍ എന്ന വലിയ ജന്തുവംശത്തിലെ ഫോര്‍മിസിഡേ കുലത്തില്‍ (ഓര്‍ഡറില്‍)പ്പെടുന്ന ജീവികളിലാണുള്‍പ്പെടുന്നത്. മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങളൊഴിച്ച് എല്ലായിടങ്ങളിലും ഉറുമ്പുകള്‍ കൂട്ടമായി വസിക്കുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയാത്തവ മുതല്‍ അഞ്ചു സെന്റിമീറ്ററോളം നീളമുള്ള പട്ടാള ഉറുമ്പുകള്‍ വരെയുണ്ട്. നിറത്തിന്റെ കാര്യത്തിലും ഉറുമ്പുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏകദേശം 15,000 തരം ഉറുമ്പുകളുണ്ടന്നു കണക്കാക്കപ്പെടുന്നു.




ഉറുമ്പിന്‍റെ ശരീരഘടനഉറുമ്പിനു വലിയ തലയും ദീര്‍ഘവൃത്താകൃതിയിലുള്ള ഉദരവും നടുവില്‍ രണ്ടിനെയും കൂട്ടിച്ചേര്‍ക്കുന്ന മാറിടവുമുണ്ട്. തലയ്ക്കും മാറിനുമിടയില്‍ ചെറിയ കഴുത്തും മാറിനും ഉദരത്തിനുമിടയില്‍ നീണ്ടു ലോലമായ ഇടുപ്പും ഉണ്ട്. വായില്‍ രണ്ടു ജോടി ഹനുക്കള്‍ ഉണ്ട്. ഇവയില്‍ ബാഹ്യജോടി വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോവാനും ആന്തരജോടി ചവയ്ക്കാനും ഉപയോഗിക്കുന്നു. ശത്രുക്കളെ കടിക്കാന്‍ ഉപയോഗിക്കുന്നതു ബാഹ്യജോടിയാണ്. ചില ഉറുമ്പുകള്‍ക്കു (ഉദാഹരണത്തിനു കട്ടുറുമ്പിന്) ഉദരത്തിനു പിന്നില്‍ ഒരു വിഷമുള്ളുണ്ട്. ഇതും ശത്രുവിനെ കടിക്കാന്‍ ഉപയോഗിക്കുന്നു.
ഇവയുടെയെല്ലാം തല പരന്ന ത്രികോണാകൃതിയില്‍ കാണപ്പെടുന്നു.



തലയിലെ പ്രധാന ഭാഗങ്ങള്‍ വായയും നീണ്ട രണ്ടു ശൃംഗികകളും രണ്ടു കണ്ണുകളുമാണ്. ശൃംഗികകള്‍ക്കു മുട്ടുകളുണ്ട്. ശൃംഗികകള്‍ സ്പര്‍ശനത്തിനും മണം പിടിക്കുന്നതിനും രുചി അറിയുന്നതിനുമുള്ള അവയവങ്ങളാണ്. ഇതിനുപുറമെ ആഹാരത്തിന്റെ സ്വഭാവം മനസ്സിലാക്കാനും വഴി തിരിച്ചറിയാനും സന്ദേശങ്ങള്‍ കൈമാറാനും ശൃംഗികകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഉറുമ്പുകളുടെ കണ്ണുകള്‍ അനേകം ചെറിയ ഘടകങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ള സംയുക്ത നേത്രങ്ങളാണ്. ഇതുമൂലം നാലുവശത്തുമുള്ള കാഴ്ച ഉറുമ്പുകള്‍ക്ക് ഒരേസമയം കാണാന്‍ സാധിക്കുന്നു. ചിലയിനം ഉറുമ്പുകള്‍ക്കു രണ്ടു പ്രധാന നേത്രങ്ങള്‍ക്കിടയിലായി മൂന്നാമതൊരു നേത്രം കൂടിയുണ്ട്. അപൂര്‍വയിനം ഉറുമ്പുകള്‍ക്കു കണ്ണുകളേയില്ല. അവ വഴി മനസ്സിലാക്കാനും ഭക്ഷണം കണ്ടുപിടിക്കാനും ശൃംഗികകളാണ് ഉപയോഗിക്കുന്നത്.




എല്ലായിനം ഉറുമ്പുകളും ദ്രാവകരൂപത്തിലുള്ള ആഹാരം മാത്രമാണു ഭക്ഷിക്കുക. ഖരപദാര്‍ഥങ്ങളെ ഇവ കരണ്ടു മുറിച്ചു വായ്ക്കുള്ളിലെ ഒരറയില്‍ സൂക്ഷിക്കുന്നു. അവിടെവച്ച് ഉമിനീരുമായി കൂടിക്കലര്‍ന്ന് അവ സാവധാനം ദ്രാവകരൂപത്തിലാവുന്നു. ഉറുമ്പുകളുടെ ആമാശയത്തിനു രണ്ടറകളുണ്ട്. അവയിലൊന്നു സംഭരണസഞ്ചിയാണ്. കൂടുതല്‍ ആഹാരപദാര്‍ഥങ്ങളും ഈ അറയിലാണു സൂക്ഷിക്കുന്നത്. ഇതില്‍ നിറയുന്ന ആഹാരപദാര്‍ഥങ്ങള്‍ കൂട്ടിനുള്ളില്‍ കഴിയുന്ന മറ്റുറുമ്പുകള്‍ക്കു വേണ്ടിയുള്ളവയായിരിക്കും. അവ ഈ ഉറുമ്പുകളുടെ ശൃംഗികകളില്‍ സ്നേഹപൂര്‍വം തലോടുമ്പോള്‍ ഇവ അല്‍പ്പാല്‍പ്പം ആഹാരം അവയുടെ വായ്ക്കുള്ളിലേക്ക് ഒഴുക്കിക്കൊടുക്കും. രണ്ടാമത്തെ അറ ഓരോ ഉറുമ്പിന്റെയും ആവശ്യത്തിനുള്ള ആഹാരം സൂക്ഷിച്ചുവയ്ക്കുന്നതിനു വേണ്ടിയാണ്. ഇതില്‍ നിറയുന്ന ആഹാരസാധനങ്ങള്‍ മാത്രമേ ദഹിച്ച് അതിന്റെ ശരീരത്തില്‍ കലരുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ