മുസ്ലിയാക്കന്മാര്‍ വേഷം മാറ്റണമെന്ന് ആര്യാടന്‍

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 23 ജനുവരി, 2012 | 11:16 PM

കുറ്റ്യാടി: മുസ്ലിയാക്കന്മാര്‍ തലപ്പാവും മുണ്ടും  മാറ്റി പാന്‍റ്സും തൊപ്പിയും  ധരിക്കണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഷര്‍ട്ട്  വെള്ളയായിക്കൊള്ളട്ടെ, എന്നാല്‍ തലയില്‍ കെട്ടിനു പകരം തൊപ്പി ധരിക്കണം . കുറ്റ്യാടി സിറാജുല്‍ ഹുദാ എജുക്കേഷനല്‍ കോംപ്ളക്സില്‍  സ്പെഷല്‍ സ്കൂളിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാവണം . പണ്ടത്തെ മുസ്ലിയാക്കളും ഇപ്പോഴുള്ളവരും  ആനയും കൊതുകും പോലെ വ്യത്യസ്തരാണ്. അന്നുള്ളവര്‍ എല്ലാറ്റിനോടും പിന്തിരിയുന്ന സ്വഭാവക്കാരായിരുന്നു. കാറില്‍ കയറുന്നത് ഹറാമായി പോലും കരുതിയവരുണ്ട്.  ഇന്ന് അവര്‍ എല്ലാ ഭൗതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നു. ബൈക്കില്ലാത്തവര്‍ കാണില്ല. പ്രസ്തുത മാറ്റത്തിനു കാരണം കാന്തപുരം ഉസ്താദിനെ പോലുള്ളവരാണെന്നും അദ്ദേഹം കൈവെച്ചാല്‍ എല്ലാം തങ്കമായി മാറുമെന്നും ആര്യാടന്‍ പറഞ്ഞു. കേരളത്തിലെ മന്ത്രിമാരില്‍ എപ്പോള്‍ വിളിച്ചാലും വരുന്നയാള്‍ ആര്യാടനാണെന്ന്  ചടങ്ങ് ഉദ്ഘാടനം ചെയ്ത കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വന്‍ പൊലീസ് സംരക്ഷണമാണ് വേദിക്കും പുറത്തും മന്ത്രിക്ക് ഏര്‍പ്പെടുത്തിയത്. ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അദ്ദേഹം കഴിഞ്ഞദിവസം നടത്തിയ പ്രസതാവനമൂലം എന്തെങ്കിലും  പ്രതിഷേധ പരിപാടികള്‍  ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് സി.ഐയുടെ നേതൃത്വത്തില്‍ ടൗണിലും വേദിക്കരികിലും  സംരക്ഷണം ഏര്‍പ്പെടുത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ