കൊയിലാണ്ടി: നിര്‍ദിഷ്ട നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന് പകരം, കൊയിലാണ്ടി ടൗണില്‍ 'എലിവേറ്റഡ് ഹൈവേ' നിര്‍മിക്കണമെന്ന ആവശ്യം വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നു. ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനവരി 23ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീപ്പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ കൊയിലാണ്ടി ടൗണില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കുമെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്.
കൊയിലാണ്ടി ടൗണിലെ ഗതാഗതക്കുരുക്കും റോഡ് വികസിപ്പിക്കുന്നതിലെ തടസ്സങ്ങള്‍ക്കും പരിഹാരം എലിവേറ്റഡ് ഹൈവേ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള റോഡ് 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയും അതിന് മുകളിലായി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുകയും ചെയ്താല്‍ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. കൊല്ലം മിനി സിവില്‍സ്റ്റേഷന്‍ മുതല്‍ അരങ്ങാടത്ത് വരെ ഏകദേശം മൂന്നോ നാലോ കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമേ എലിവേറ്റഡ് ഹൈവേയുടെ ആവശ്യം വരികയുള്ളൂ. അങ്ങനെയാണെങ്കില്‍ കൂടിയ വേഗത്തിലും, ദൂര ദിക്കുകകളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് എലിവേറ്റഡ് ഹൈവേയിലുടെയും ഹ്രസ്വദൂര വാഹനങ്ങള്‍ക്ക് നിലവിലുള്ള റോഡിലൂടെയും പോകാം. ബൈപ്പാസ് റോഡിനും മറ്റും ഭൂമി ഏറ്റെടുക്കാന്‍ ചെലവിടുന്ന നഷ്ടപരിഹാര തുകയുടെ പകുതിത്തുകകൊണ്ട് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാവുന്നതാണ്.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിനായി സ്ഥലമേറ്റെടുക്കേണ്ടി വരുമ്പോള്‍ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. എണ്ണൂറിലധികം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. മാത്രവുമല്ല കുന്നുകള്‍, വയലുകള്‍, ജലസ്രോതസ്സുകള്‍ എന്നിവ ഇല്ലാതാവുകയും ചെയ്യും. ഭൂമി ഏറ്റെടുക്കലിനായി ചെലവഴിക്കുന്ന തുകകൊണ്ട് എലിവേറ്റഡ് ഹൈവേ നിര്‍മിച്ചാല്‍ ഒട്ടേറെ തടസ്സങ്ങള്‍ ഒഴിവായി കിട്ടും. തൃശ്ശൂര്‍ ചാലക്കുടിയിലും, കര്‍ണാടകയിലെ വിവിധ ടൗണുകളിലും ഗതാഗതക്കുരുക്കിന് പരിഹാരമായി എലിവേറ്റഡ് ഹൈവേകളാണ് നിര്‍മിച്ചത്.
കൊയിലാണ്ടിയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Written By മേപ്പയൂര്‍ വാര്‍ത്ത on 29 ജനുവരി, 2012 | 10:13 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ