മാനാഞ്ചിറ സ്‌ക്വയറിന് പുതിയമുഖം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 1:41 AM


നഗരമധ്യത്തിലെ വിശ്രമ കേന്ദ്രമായ മാനാഞ്ചിറ സ്‌ക്വയര്‍ ഫിബ്രവരി അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. സ്‌ക്വയറിന്റെ നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ചുരുക്കം ചില അറ്റകുറ്റപ്പണികള്‍ മാത്രമേ ബാക്കിയുള്ളൂ. ഇത് ഫിബ്രവരി പകുതിയോടെ പൂര്‍ത്തിയാകുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ടാഗോര്‍ പാര്‍ക്കിലെ ലാന്‍ഡ് സ്‌കേപ്പ് ഓപ്പണ്‍എയര്‍ സ്റ്റേജിനുസമീപം ഇന്റര്‍ലോക്ക് ഇഷ്ടിക പാകല്‍, സംഗീത ജലധാരയുടെ കേടുപാട് തീര്‍ക്കല്‍ എന്നിവയാണ് ബാക്കിയുള്ള പ്രവൃത്തികള്‍. ചുറ്റുമതിലിന്മേലുള്ള കാസ്റ്റ് അയേണ്‍ പൊട്ടിയത് മാറ്റുന്ന പ്രവൃത്തിയും നടക്കാനുണ്ട്. മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണത്തിന്റെ പ്രധാന പ്രവൃത്തിയില്‍ ഒന്നായ പുല്ലുപാകല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഏതാണ്ട് 17 ലക്ഷംരൂപ ഇതിന് ചെലവഴിച്ചു.

മൊത്തം 69 ലക്ഷംരൂപയാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണത്തിന്റെ എസ്റ്റിമേറ്റ്. പാര്‍ക്കില്‍ റെയിന്‍ഷെല്‍ട്ടറുകള്‍, നടപ്പാത കല്ലിട്ടുയര്‍ത്തല്‍, പുതിയ നടപ്പാത നിര്‍മിക്കല്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ടാഗോര്‍ പാര്‍ക്കിനു സമീപത്തെ ലാന്‍ഡ് സ്‌കേപ്പിന്റെ പ്രവൃത്തിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നഗരമധ്യത്തില്‍ വിശ്രമകേന്ദ്രം എന്ന നിലയില്‍ അമിതാഭ്കാന്ത് കളക്ടറായിരുന്ന കാലത്താണ് മാനാഞ്ചിറ സ്‌ക്വയര്‍ രൂപപ്പെടുത്തിയത്.

മാനാഞ്ചിറ മൈതാനം, ടാഗോര്‍, അന്‍സാരിപാര്‍ക്കുകള്‍ എന്നിവ സംയോജിപ്പിച്ച് വിശാലമായ സ്‌ക്വയര്‍ ആണ് നിര്‍മിച്ചത്. യാതൊരു പരിപാടിക്കും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിനു വിരുദ്ധമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു പ്രധാനവേദിയായി മാനാഞ്ചിറ സ്‌ക്വയര്‍ മാറിയതോടെയാണ് ഇത് തകര്‍ന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സ്‌ക്വയര്‍ പിന്നീട് ചവിട്ടിമെതിച്ച് പറമ്പെന്ന നിലയിലായി. 2010 ജനവരിയിലായിരുന്നു കലോത്സവം. കലോത്സവം കഴിഞ്ഞതോടെ മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ പ്രവൃത്തി പുരോഗമിച്ചില്ല. മന്ദഗതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്.

ഇതിനിടെ മഴവന്നതോടെ വീണ്ടും നവീകരണ പ്രവര്‍ത്തനം നിലച്ചു. ഇതിനിടെ മാനാഞ്ചിറ സ്‌ക്വയറില്‍ പഴയ അന്‍സാരി പാര്‍ക്ക് ഭാഗത്തെ നവീകരണം കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കി. ലിറ്റററി പാര്‍ക്ക് എന്ന നിലയില്‍ പ്രശസ്ത സാഹിത്യകാരന്മാരുടെ സൃഷ്ടികളെ അവലംബിച് ശില്പങ്ങളും നിര്‍മിച്ചിരുന്നു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് ഏതാനും നാള്‍ മുന്‍പ് ഇതിന്റെ ഉദ്ഘാടനം നടത്തി. മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം ഇഴഞ്ഞുനീളുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഫിബ്രവരി അവസാനത്തോടെ സ്‌ക്വയര്‍ തുറന്നുകൊടുക്കുന്നതോടെ ഇതിനു വിരാമമാവുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ