നല്ല നാളേക്കായി നിലയ്ക്കാത്ത "ആരവം"
Written By മേപ്പയൂര്‍ വാര്‍ത്ത on 27 ജനുവരി, 2012 | 10:51 PM
അരിക്കുളം: ഇനി ഈ നാട്ടിലേക്ക് മദ്യം അരുത്, മദ്യം ഞങ്ങള്‍ കഴിക്കില്ല. വിവാഹങ്ങള്‍ ലളിതമാക്കും, ഞങ്ങള്‍ ഒറ്റക്കെട്ടാണ്- പ്രതിജ്ഞാവാചകം ജനങ്ങള്‍ ഒരേ മനസ്സോടെ ഏറ്റുചൊല്ലി. ആര്‍ഭാടങ്ങളില്ലാത്ത വിവാഹം, മദ്യവും മദ്യപാനികളും ഇല്ലാത്ത ഒരു ഗ്രാമം-അതിനുവേണ്ടി അരിക്കുളത്ത് ജനങ്ങളുടെ നിലയ്ക്കാത്ത "ആരവം" ഉയരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന മനുഷ്യച്ചങ്ങല ഇതിന് സാക്ഷ്യമായി. അഞ്ച് കിലോമീറ്ററില്‍ തീര്‍ത്ത ശൃംഖലയില്‍ നാലായിരത്തോളം ജനങ്ങളാണ് കണ്ണികളായത്. അരിക്കുളം പഞ്ചായത്തിന്റെ "ആരവം" രണ്ടാംഘട്ട പ്രചാരണപരിപാടിയാണ് വിജയമാകുന്നത്. 13 വാര്‍ഡുകളുള്ള, കര്‍ഷകതൊഴിലാളികള്‍ ഏറെയുള്ള ഇവിടെ അന്നന്ന് അധ്വാനിച്ച് അന്നത്തിന് വക കണ്ടെത്തുന്നവരാണ് മദ്യത്തിന് അടിമപ്പെട്ട് ജീവിതം താറുമാറായത്. അറ്റുപോയ ബന്ധങ്ങള്‍ , വിവാഹപ്രായമെത്തിയ യുവതികള്‍ , വീട്ടമ്മമാരായ സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ ... "ഈ നാശംപിടിച്ച മദ്യമൊന്നവസാനിച്ചുകിട്ടാന്‍" ഇവരുടെയെല്ലാം മനസ്സ് ആഗ്രഹിച്ചു. ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു ടി സുരേഷ് പ്രസിഡന്റായ അരിക്കുളം പഞ്ചായത്ത്. മദ്യം മാത്രമായിരുന്നില്ല ഈ നാടിന്റെ വിപത്ത്. വിവാഹങ്ങള്‍ കേമമാക്കി കടംപിടിച്ച കുടുംബങ്ങള്‍ . കിടപ്പാടം പണയംവച്ച് ജപ്തിനടപടിക്ക് വിധേയരായവര്‍ ... വീടും സ്ഥലവും വില്‍ക്കേണ്ടിവന്നവരും ധാരാളം... ഇരുപത്തിമൂവായിരത്തോളം ജനസംഖ്യയുള്ള ഈ ഗ്രാമീണസമൂഹത്തെ മദ്യത്തിനും ആര്‍ഭാടവിവാഹങ്ങള്‍ക്കുമെതിരെ ഒന്നിപ്പിക്കുന്നതില്‍ അരിക്കുളം പഞ്ചായത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയാവുകയാണ്. സാംസ്കാരികനായകനും പ്രഭാഷകനുമായ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടാണ് ഒക്ടോബര്‍ രണ്ടിന് അരിക്കുളത്ത് ഈ ദൗത്യത്തിന് തുടക്കമിട്ടത്. വാര്‍ഡ് അടിസ്ഥാനത്തില്‍ സംഘാടകസമിതികള്‍ രൂപീകരിച്ചു. ഇതിനുശേഷം 140 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും സംഘാടകസമിതികളുണ്ടാക്കുകയുംചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖകള്‍ വീടുകളിലെത്തിച്ചു. യുവജനസംഗമങ്ങള്‍ , സാംസ്കാരിക സദസ്സുകള്‍ , നാടകം, എക്സൈസ് വിഭാഗത്തിന്റെ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ -രാഷ്ട്രീയ കക്ഷിഭേദമെന്യേ എല്ലാവരും പഞ്ചായത്തിന്റെ മഹത്തായ പ്രവര്‍ത്തനത്തില്‍ ഒന്നിച്ചു. ഇപ്പോള്‍ പൊതുകേന്ദ്രങ്ങളില്‍ മദ്യവില്‍പ്പനയും നാടന്‍വാറ്റുമില്ല. മദ്യത്തിന് അടിമപ്പെട്ടവരെ കണ്ടെത്തി പ്രത്യേക ചികിത്സയും നടത്തുന്നുണ്ട്. വീടുകളിലെ സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണപിന്തുണ പരിപാടിയുടെ വിജയത്തിനുണ്ട്. ആഗസ്ത് 15ന് "ആരവം" സമ്പൂര്‍ണമാക്കാനാണ് പദ്ധതി. അഞ്ചാംപീടിക റോഡില്‍നിന്ന് തുടങ്ങി ഒറവിങ്കല്‍താഴെ വരെ തീര്‍ത്ത മനുഷ്യച്ചങ്ങലക്ക് പുറമെ കുരുടിവീട്, അരിക്കുളംമുക്ക് എന്നിവിടങ്ങളില്‍ ബഹുജനസംഗമങ്ങളും നടന്നു. കെ കുഞ്ഞമ്മദ് എംഎല്‍എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി, ജില്ലാപഞ്ചായത്ത് അംഗം പി കെ മുകുന്ദന്‍ , സിപിഐ എം ഏരിയാസെക്രട്ടറി കെ കെ മുഹമ്മദ്, കന്മന ശ്രീധരന്‍ , മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍ , എന്‍ പി കുഞ്ഞിമൊയ്തീന്‍ , പ്രദീപന്‍ കണ്ണമ്പത്ത്, സി ബാലന്‍ , എ സി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി എം ഉണ്ണി പ്രതിജ്ഞചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി സുരേഷ് അധ്യക്ഷനായി. ഇ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ